Total Pageviews

Thursday, 6 October 2011

പ്ലാനിങ്ങ്‌ ............


ടിക്കറ്റ്‌ എടുത്തു...ഇനി കാത്തിരിപ്പിന്റെ,തയ്യാറെടുപ്പുകളുടെ നാളുകള്‍..ഈ കളസവും കണ്ട കൌപീനവും ഊരിയെറിഞ്ഞു ഒരു കള്ളി മുണ്ട് എടുതുടുക്കണം....ഡിസംബറിന്റെ കുളിരില്‍ പറമ്പിലേക്ക്  ഇറങ്ങണം,ഈര്‍ക്കില്‍ ചീന്തു കൊണ്ട് നാക്ക്‌ വടിക്കണം, കിണറ്റിലെ വെള്ളത്തില്‍ മുഖം കഴുകണം,പറ്റിയാല്‍ open air -അറിഞ്ഞോന്നു കുളിക്കണം (ഉമ്മ സമ്മതിക്കുമെന്ന് തൊന്നുന്നീല....ചില സദാചാര മര്യാദകള്‍ ).
.വൈകീട്ട് വെള്ളിയന്കല്ലിന്റെ അവിടെ പോയിരുന്നു കൂട്ടുകാരോടൊത് സൊറ പറയണം.. തട്ട് കടയിലെ എരിവുള്ള മീന്‍ ചാറില്‍ ദോശ മുക്കിയടിക്കണം.. 
നെല്ലിന്‍ പൂവിനെ ഓമനിച്ചു, പരല്‍ മീനിനോടു കിന്നാരം പറഞ്ഞു പാടത്തെ തുരുത്തിലെത്തണം...ആ പറക്കൂട്ടതിനു മുകളിലങ്ങിനെ ഭാരമില്ലാതെ  കണ്ണുമടച്ചു കിടക്കണം.കുരുത്തി വെയ്ക്കാന്‍ വരുന്ന മുല്ലനെ സുഖിപ്പിച്ചു (ഒരു പാക്കറ്റ് 555 )പരലും കല്ലുത്തിയുമായി കൂടനയണംമല്ലിയും മുളകും വറുത്തരച്ചു തന്നെ വെപ്പിക്കണം. 
.പ്രണയത്തിന്റെ, വിപ്ലവത്തിന്റെ വസന്തകാലം കഴിച്ചു കൂട്ടിയ കലാലയത്തില്‍, പ്രിയപ്പെട്ട പാലച്ചോട്ടില്‍,വെറുതെ കുത്തിയിരിക്കണം..മുറ്റത്തു നില്‍ക്കുന്ന അശോകം പൂത്തുവോ, തളിര്തുവോ എന്ന് നോക്കണം രോസപൂവിനു ചുവപ്പ് കൂടിയിട്ടുണ്ടാകും, കാലഘട്ടതിനെ അനിവാര്യത ,ഇത് സമ്മേളന കാലമല്ലേ, പഴയ പോലെ തൊണ്ട കീറി മുദ്രാവാക്യങ്ങള്‍ വിളിക്കണം..സെമിനാറുകളില്‍ പങ്കെടുക്കണം,മടുക്കുമ്പോള്‍ ഇരുന്നു ഉറക്കം  തൂങ്ങണം..
.മഞ്ഞുള്ള രാത്രിയില്‍ ഗാനമേള, നാടകം, ഉന്ത്, തല്ല്,ഓംലെറ്റ്‌(ഡബിള്‍)..കട്ടന്‍ കാപ്പി..ചുമ, തൊണ്ട വേദന, സ്നേഹ ശകാരങ്ങള്‍ അങ്ങിനെ..പറ്റിയാല്‍ ചുരം കയറണം ..പഴയ സൌഹൃദങ്ങള്‍ തേടി വീണ്ടുമൊരു യാത്ര..ആരെയൊക്കെ കാണുമോ എന്തോ? 
പിലാക്കാട്ടിരി വായന ശാലയുടെ മുന്നിലിരുന്നു കുറെ കത്തിയടിക്കണം..എന്താണാവോ പുതിയ വിശേഷങ്ങള്‍..പൊടിപിടിച്ചു മൂലക്കിരിക്കുന്ന പുസ്തകങ്ങളില്‍ ഒന്ന് തലോടണം..പ്രിയ ലൈബ്രറിയന്‍ മണിയേട്ടനെ കൂട്ടി golden  l  കയറണം ..നെയ്ച്ചോറും കോഴി പൊരിച്ചതും..തീര്‍ക്കണം പഴയ കടങ്ങള്‍...പു. ക.സ .ക്കാരെ കണ്ടാല്‍ ചില പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍..ഓടിയോളിക്കണം....


പറ്റിയാല്‍ ,
തിരുവനന്തപുരം വരെ, നിധി കാണാനല്ല കേട്ടോ..അന്താരാഷ്ട്ര ചലച്ചിത്രോത്സവം കാണണം....മുന്‍പേ പൂവിട്ട ഒരാഗ്രഹം..എന്നാലും..തെരുവിന്റെ കവി അയ്യപ്പനില്ലാതെ..പാവം വെയില്‍ തിന്നുന്ന പക്ഷി.....


ഉന്മാദത്തിന്റെ 30 ദിനരാത്രങ്ങള്‍ പ്രിയമുള്ളവര്‍ക്ക് സമ്മാനിച്ച്‌..വീണ്ടും.....


2 comments:

 1. ഇതൊക്കെ നാട്ടില്‍ പോയി പഴയ കൂട്ടുകാരോട് പറഞ്ഞാന്‍ അവര്‍ നിനക്ക് നൊസ്സണെന്ന് പറയും..
  അവിടെ എല്ലാവര്‍ക്കും തിരക്കാ...
  ഒരു മാസത്തിനൊക്കെ നാട്ടില്‍ പൊയാല്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ കൂട്ടുകൂടാനാരുമില്ലാതെ അലയേണ്ടിവരും....
  മോഹിക്കാലൊ..ആഗ്രഹിക്കാലൊ..സ്വപ്നം കാണാലോ അല്ലേ..?
  ഒന്നിന്നും ടാക്സ് കൊടുകണ്ടല്ലൊ..!!
  ഈ പറഞ്ഞതൊക്കെയും നടക്കട്ടേന്ന് എന്‍റെ അശംസ..!!

  ReplyDelete
 2. ഇല്ല.. മരിയ്ക്കാത്ത സൌഹൃദങ്ങള്‍ കുറച്ചെങ്കിലും ബാക്കി നില്‍ക്കുന്നു....

  ReplyDelete